ജലസംരക്ഷണം വീട്ടിൽ നിന്നു തുടങ്ങാം !!!


ലോകത്തെ ഏറ്റവും അമൂല്യമായ വസ്തു ജലമാണെന്നും ജലം ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യനും ജീവനും നിലനില്പില്ലെന്നും വൈകിയാണെങ്കിലും ഇന്ന് നാമെല്ലാം മനസിലാക്കി വരികയാണ്. 44 നദികളും രണ്ടു മഴക്കാലങ്ങളും നൽകിയിരുന്ന ജലസമൃദ്ധി ഇന്ന് കേരളത്തിന് അന്യമായിക്കൊണ്ടിരിക്കയാണ്. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയ ചൂഷണവും കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും എല്ലാം മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ ജലക്ഷാമത്തിലേക്ക് നമ്മെ തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഈ സ്ഥിതിയിൽ ജലത്തിന്റെ ദുർവ്യയം തടയാനും ലഭ്യത കൂട്ടാനും നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് സ്വയം ചിന്തിക്കുകയും ആ ദിശയിൽ അവബോധം സൃഷ്ഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തെങ്കിൽ നാം ഭാവിയിൽ അതിനു വലിയ വില നൽകേണ്ടതായി വരും.

ആസൂത്രണം



  • ഒരു വീട് പണിയുന്ന സമയത്തു തന്നെ പ്ലാൻ ചെയ്യുകയാണെങ്കിൽ ജലം സംഭരിക്കാനും ലാഭകരമായി ഉപയോഗിക്കാനും ഉള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
  • ടെറസിൽ വീഴുന്ന മഴവെള്ളം അരിച്ചു പൈപ്പുകൾ വഴി കിണർ റീചാർജ് ചെയ്യുവാൻ ഉപയോഗിക്കുക. ഇതുവഴി കിണറ്റിൽ ജല ലഭ്യത കൂടുകയും വേനൽക്കാലത്തു കിണർ വറ്റാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
  • മഴവെള്ളം ശേഖരിച്ചു ശുദ്ധീകരിച്ച് മഴവെള്ള സംഭരണിയിലേക്ക് വിടുക. മഴവെള്ള സംഭരണിയിൽ നിന്നുള്ള വെള്ളം ചെടികൾ നനക്കാനും വാഹനങ്ങൾ കഴുകാനും തറ തുടക്കനും ടോയ്‌ലറ്റ് ഫ്ലെഷിങിനും എല്ലാം നേരിട് തന്നെ ഉപയോഗിക്കാം. 
  • വീട്ടിൽ നിന്ന് പുറത്തു പോകുന്ന മലിനജലം സംഭരിച്ച് ശാസ്ത്രീയമായി ശുദ്ധീകരിച്ച് ജലസേചനത്തിന് ഉപയോഗിക്കാം. 
  • ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം ഓവർ ഫ്ലോ ചെയ്യുമ്പോൾ അത് തിരിച്ച് കിണറിലേക്കോ സമ്പിലേക്കോ പോകുന്ന വിധത്തിൽ ക്രമീകരിക്കുക. ടാങ്കിൽ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ സ്ഥാപിക്കുന്നതും ജലനഷ്ടം തടയും. 
  • വീട്ടിൽ RO പ്ലാൻറ് ഉണ്ടെങ്കിൽ അതിലെ വേസ്റ്റ് വെള്ളം ജലസേചനത്തിനായി ഉപയോഗിക്കുക. 
  • ഫ്ലാറ്റുകളിൽ പ്രത്യേകം മീറ്റർ സ്ഥാപിച്ച് ഉപയോഗം അനുസരിച്ചു ചാർജ് ഈടാക്കുക. 
  • മുറ്റം കോൺക്രീറ്റ് ചെയ്യാതെ വീട്ടുപറമ്പിലെ മഴവെള്ളത്തെ അവിടെത്തന്നെ കെട്ടി നില്ക്കാൻ അനുവദിക്കുക. വെള്ളം ഭൂമിയിൽ ഇറങ്ങിയാൽ കിണറിലെ ജലനിരപ്പ് ഉയരും. ടെറസിലെ മഴവെള്ളം പലഭാഗങ്ങളിലായി പൈപ്പിട്ട് താഴോട്ട് ഒഴുക്കി ഭൂമിയിൽ താഴാൻ അനുവദിക്കുക. വീട്ടിൽ കുളമോ പൊട്ടകിണറോ വലിയ കുഴികളോ ഉണ്ടെങ്കിൽ മഴവെള്ളത്തെ അതിലേക്ക് ഒഴുക്കുക. 
  • ചെടികൾ, മരങ്ങൾ എന്നിവ മഴവെള്ളത്തെ മണ്ണിലാഴ്ത്തും. പറമ്പിൽ കഴിയുന്നത്ര വൃക്ഷങ്ങൾ നടാം. 
  • തീരപ്രദേശങ്ങളിൽ പുരപ്പുറത്തെ വെള്ളം വീടിനു ചുറ്റും അകലെ ചാലുണ്ടാക്കി അതിലേക്ക് വിടുക. പറമ്പിലെ ഉപ്പുവെള്ളത്തിന്റെ വ്യാപ്തി കുറക്കാൻ കഴിയും. 
  • കിണർ, കുഴൽ കിണർ എന്നിവക്ക് ചുറ്റും ചാലുകീറി ചെങ്കൽ- കരിങ്കൽ കഷണങ്ങൾ നിറച്ച് മുകളിൽ മണലിട്ട് മഴവെള്ളം ഇതിലേക്ക് വിടുക. ചെറിയ കുന്നിന് മുകളിലാണ് വീട് സ്ഥിതിചെയ്യുന്നതെങ്കിൽ പറമ്പിനു ചുറ്റും കയ്യാല പണിത് ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടയാം. ചരിവിനെ തട്ടുകളാക്കി മാറ്റുകയും ചെയ്താൽ മഴവെള്ളം മണ്ണിൽ താഴും. ഇവയെല്ലാം ഭൂമിയിലെ ജലലഭ്യത കൂട്ടുവാൻ സഹായിക്കുന്നു. 

അടുക്കള

  • പാത്രങ്ങൾ കഴുകുന്ന ടാപ്പ് മുഴുവനായും തുറന്നിടാതെ ആവശ്യത്തിനുള്ള അളവിൽ മാത്രം വെള്ളം വരുന്ന രീതിയിൽ തുറക്കുക. ടാപ്പ് തുടർച്ചയായി തുറന്നിട്ട് പാത്രങ്ങൾ കഴുകാതിരിക്കുക.
  • പച്ചക്കറികൾ, ധാന്യങ്ങൾ, മീൻ, ഇറച്ചി എന്നിവ കഴുകിയ വെള്ളം ചെടികൾ നനക്കാൻ ഉപയോഗിക്കുക.
വാഷിംഗ് മെഷീൻ
  • വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്ന ഉപകരണമാണ് വാഷിംഗ് മെഷീൻ. വീട്ടിലെ ആവശ്യം കണക്കിലെടുത്ത് കൃത്യമായി കപ്പാസിറ്റി ഉള്ള മോഡൽ തെരഞ്ഞെടുക്കുക. മെഷീൻ എപ്പോഴും അതിന്റെ പൂർണ്ണ ക്യാപസിറ്റിയിൽ ഉപയോഗിക്കുക. കുറേശ്ശയായി കഴുകാതെ തുണികൾ ഒന്നിച്ചു കഴുകുക. 
പൂന്തോട്ടവും അടുക്കളത്തോട്ടവും

  • ചെടികൾ നനക്കാൻ ഹോസ് ഉപയോഗിക്കുമ്പോൾ അറ്റത്ത് വെള്ളത്തിന്റെ അളവ് കുറക്കുന്ന ഉപകരണം ഘടിപ്പിക്കുക. ഹോസിനു പകരം സ്പ്രിംഗ്ളർ/ഡ്രിപ്പ് ഇറിഗേഷൻ രീതികൾ പരീക്ഷിക്കാവുന്നതാണ്.
  • ചെടികൾ നന്നായി തടം എടുത്ത ശേഷം അവിടെ ഉണങ്ങിയ ഇലകൾ, ചകിരി എന്നിവ ഇട്ടാൽ നനവ് നിലനിൽക്കാനും വെള്ളം പെട്ടന്ന് ആവിയാകുന്നത് തടയാനും കഴിയും എന്നതിനു പുറമെ കളകളുടെ വളർച്ച തടയാനും സാധിക്കും.
കുളിമുറിയും ടോയ്‌ലെറ്റും

  • റെയിൻ ഷവർ പോലെ ഒരുപാട് വെള്ളം ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് പകരം ചെറിയ ഷവർ ഹെഡുകൾ സ്ഥാപിക്കുക. നല്ല നിലവാരമുള്ള ഫിറ്റിങ്ങുകൾ ഉപയോഗിക്കുക, അതുവഴി ലീക്കേജ് ഉണ്ടാകാനുള്ള സാധ്യത കുറക്കാം.
  • ഷവറിൽ കുളിക്കുമ്പോൾ ഒട്ടേറെ വെള്ളം പാഴാകുന്നു. ബക്കറ്റിൽ വെള്ളം സംഭരിച്ച മഗ് കൊണ്ട് കോരി ഒഴിച്ച് കുളിച്ചാൽ ഈ നഷ്ടം ഒഴിവാക്കാവുന്നതാണ്.
  • വാഷ് ബേസിൻ ടാപ്പ് തുറന്നിട്ടുകൊണ്ടു പല്ല് തേപ്പ്, ഷേവിങ്ങ് എന്നിവ ചെയ്യാതിരിക്കുക. മഗ്ഗിൽ വെള്ളം എടുത്തു ഉപയോഗിച്ച് ശീലിക്കുക.
  • ടോയ്‌ലറ്റ് ഫ്ലാഷിങ് ഒട്ടേറെ വെള്ളം ഉപയോഗിക്കുന്ന പ്രക്രിയയാണ്. ഡ്യൂവൽ ഫ്ലഷ് ടോയ്‌ലറ്റ് സ്ഥാപിച്ചാൽ ആവശ്യത്തിനുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കാൻ കഴിയും. വലിയ ഫ്ലഷ് ടാങ്കുകളിൽ പാകത്തിനുള്ള അളവിലുള്ള ഒരു കുപ്പിയിൽ വെള്ളം നിറച്ച് ഫ്ലഷ് ടാങ്കിന്റെ ഒഴിഞ്ഞ ഭാഗത്തു വെച്ചാൽ ടാങ്കിന്റെ സംഭരണ ശേഷി അത്രയും കുറക്കാനും അത്  വഴി വെള്ളം ലഭിക്കാനും കഴിയും.
പൊതുവായ കാര്യങ്ങൾ

  • ലീക്കേജുകൾ എത്രയും പെട്ടന്ന് കണ്ടെത്തി പരിഹരിക്കുക
  • ടാപ്പുകൾ ഉപയോഗത്തിന് ശേഷം ശരിയായി അടച്ചിട്ടുണ്ടെന്നും വെള്ളം ഇറ്റുവീഴുന്നില്ലെന്നും ഉറപ്പുവരുത്തുക.
  • കാർ പോർച്ച്, മുറ്റം എന്നിവിടങ്ങളിലെ ടൈൽസ് വൃത്തിയാക്കാൻ പലരും ശക്തിയായി വെള്ളം അടിച്ചു കഴുകുന്ന സ്‌പ്രെയറിനെ ആശ്രയിക്കുന്നു. ഇതേ ജോലി സാധാരണ ചൂൽ, ബ്രഷ് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
  • ജലം അമൂല്യമാണെന്നും അത് പാഴാക്കാതെ ഉപയോഗിക്കണം എന്നുമുള്ള ധാരണ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ വളർത്തുക.
  • ഭക്ഷണം, വൈദുതി എന്നിവ പാഴാക്കാതിരിക്കുക. ഇവ രണ്ടും ഒട്ടേറെ ജലം ഉപയോഗിച്ച് ഉണ്ടാക്കുന്നതാണെന്ന് ഇപ്പോഴും ഓർക്കുക. 
പൊതുസ്ഥലങ്ങൾ

പൊട്ടിയതും ലീക്ക് ചെയ്യുന്നതുമായ പൈപ്പുകളും  പോതുടാപ്പുകളും നമ്മുടെ നാട്ടിലെ ഒരു പതിവ് കാഴ്ചയാണ്. ഇങ്ങനെ  നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവ് ഭീമമാണ്. തുറന്നു കിടക്കുന്ന ഒരു പൊതു ടാപ്പ് കണ്ടാൽ  അത് അടച്ചിടേണ്ടത് വരും തലമുറയോടുള്ള നമ്മുടെ കടമയാണ്. അത് പോലെ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ കോർപറേഷൻ, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളെ വിവരം അറിയിക്കാൻ നാം മുൻകൈ എടുക്കേണ്ടതാണ്.  കാരണം ജലം ആരുടേയും സ്വകാര്യ സ്വത്തല്ല, മറിച്ച് നമ്മുടെ ജീവന്റെ അടിസ്ഥാനമാണ്.

Comments

  1. Nice...Thanks for sharing valuable things. Good job, i think all such builders in Kochimust go through this much of valuable tips, it's really worthful.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular Posts